പെരുമാറ്റച്ചട്ട ലംഘനം: 2,06,152 പരാതികളില്‍ നടപടി
Saturday, April 20, 2024 6:22 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് 2,06,152 പരാതികളില്‍ നടപടി എടുത്തെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ സി വിജില്‍ ആപ്പ് വഴി 2,09,661 പരാതികൾ ലഭിച്ചു. ഇതിൽ 426 പരാതികളില്‍ നടപടി പുരോഗമിക്കുകയാണെന്നും വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികള്‍ തള്ളിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.