കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടിയിടി; ഇന്നോവ കാർ അഞ്ച് വാഹനങ്ങളിൽ ഇടിച്ചു
Sunday, April 21, 2024 2:51 PM IST
കോട്ടയം: കഞ്ഞിക്കുഴിക്ക് സമീപം ദേവലോകത്ത് വാഹനങ്ങളുടെ കൂട്ടിയിടി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
രാവിലെ 10.45 ഓടെ അപകടമുണ്ടായത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ കാർ അഞ്ച് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം തലകീഴായി താഴ്ഭാഗത്തെ റോഡിലേക്ക് മറിയുകയായിരുന്നു.
കോട്ടയം ഭാഗത്ത് നിന്നും എത്തിയ ഇന്നോവ കാർ അതേ ദിശയിൽ പോയ കാറിലും ഓട്ടോയിലും ഇടിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി-ദേവലോകം റോഡിൽ ഗതാഗത തടസമുണ്ടായി.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാർ അമിത വേഗത്തിലായിരുന്നുവെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.