രാജസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച വാൻ ട്രക്കിലിടിച്ച് ഒൻപത് മരണം
Sunday, April 21, 2024 4:39 PM IST
ജാൽവാർ: രാജസ്ഥാനിലെ ജാൽവാർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച വാൻ ട്രക്കുമായി കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. ജാൽവാറിലെ എക്ലര ഗ്രാമത്തിൽ ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം.
മധ്യപ്രദേശിലെ ഡുഗ്രിയിൽ നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. 10 പേരാണ് വാനിലുണ്ടായിരുന്നത്. രണ്ട് പേർ സംഭവ സ്ഥലത്തും ഏഴ് പേർ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണത്തിന് കീഴടങ്ങിയത്. വാനിലെ അവസാന യാത്രക്കാരന്റെ നില അതീവ ഗുരുതരമാണ്.
അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപെട്ട ട്രക്ക് ഡ്രൈവറെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്കിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകിയിരിക്കുന്ന വിവരം.