ആരോഗ്യ പ്രശ്നം ; ഇന്ത്യാ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല
Sunday, April 21, 2024 5:08 PM IST
ന്യൂഡൽഹി: റാഞ്ചിയിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കും.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാഹുൽ വിട്ടു നിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
റാലിയുടെ സമാപന സമ്മേളനത്തിൽ രാഹുലിന് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുമെന്നും രാഹുൽ ആരോഗ്യം വീണ്ടെടുത്ത ഉടനെ ജാർഖണ്ഡിലെത്തുമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഞായറാഴ്ച മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡോക്ടർമാർ രാഹുലിന് വിശ്രമം നിർദേശിക്കുകയായിരുന്നു.
ജാർഖണ്ഡിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 14 സീറ്റിൽ 12 സീറ്റും ബിജെപി നേടിയിരുന്നു.