വീട്ടിലെ വോട്ടിൽ വീഴ്ചയില്ല; യുഡിഎഫിന്റെ പരാതി തള്ളി
Sunday, April 21, 2024 7:16 PM IST
കണ്ണൂർ: പയ്യന്നൂരിലും പേരാവൂരിലും വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തള്ളി. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്ന് അന്വഷണത്തിൽ കണ്ടെത്തി.
പേരാവൂരിൽ 106 വയസുള്ള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു യുഡിഎഫിന്റെ പരാതി. എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പയ്യന്നൂരിൽ വയോധികന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി. ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പരാതികൾ തള്ളിയത്.
വീട്ടിലെ വോട്ടെടുപ്പിൽ കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് നടക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.