പോലീസ് നടപടി നിയമപരമായി നേരിടും: ശശി തരൂർ
Monday, April 22, 2024 6:46 PM IST
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍.
രാജീവ് ചന്ദ്രശേഖറിന് അതേ മാര്ഗമുള്ളെങ്കില് ആകട്ടെ. തോല്‍വി ഭയമുണ്ടെന്നതിന് തെളിവാണ് തനിക്കെതിരെ നൽകിയ കേസ്. വിഷയത്തിൽ ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് തരൂരിനെതിരെ കേസെടുത്തത്. എൻഡിഎ സ്ഥാനാർഥി മതസംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
എൻഡിഎ സ്ഥാനാർഥിക്കെതിരേ ഉന്നയിച്ച ആരോപണത്തിന് തെളിവില്ല എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തരൂരിന് താക്കീത് നൽകിയിരുന്നു. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപി വാദം കമ്മീഷൻ നിരാകരിച്ചിരുന്നു.