ജെസ്ന തിരോധാനക്കേസ്: നിര്‍ണായക വിധി ഇന്ന്
Tuesday, April 23, 2024 9:17 AM IST
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ചൊവ്വാഴ്ച തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കേസില്‍ സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യംചെയ്തു ജെസ്നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുന്നത്.
ജെസ്നയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രങ്ങളെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്ന് ജെയിംസ് ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു വസ്ത്രം ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു. ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ആയിരുന്നു. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്.
എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്ന ഫോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ആദ്യം വെച്ചൂച്ചിറ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ക്രൈബ്രാഞ്ചും അന്വേഷിച്ചു. പിന്നീടാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജെസ്നയെ കണ്ടു എന്ന് സന്ദേശങ്ങള്‍ വന്നു. അന്വേഷണത്തില്‍ കാര്യമൊന്നുമുണ്ടായില്ല.