പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
Tuesday, April 23, 2024 12:02 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മോദിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി.
മോദിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കണം. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകൾ എന്നിവ ഇന്ന് തന്നെ ഹാജരാക്കണമെന്നും കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.
അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംകള്ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.