ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില് കുറ്റപത്രം സമര്പ്പിച്ചു
Tuesday, April 23, 2024 3:11 PM IST
കൊച്ചി: കളമശേരി സ്ഫോടനത്തില് കുറ്റപത്രം സമര്പ്പിച്ചു. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്.
ഡൊമിനിക് മാര്ട്ടിനാണ് കേസിലെ ഏക പ്രതി. സംഭവത്തില് മറ്റാര്ക്കും പങ്കില്ലെന്ന് കുറ്റപത്രത്തില് പറയുന്നു. യഹോവ സാക്ഷികളോടുള്ള പ്രതികാരമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്.
കുറേക്കാലമായി ഈ സമൂഹത്തോടുള്ള വിരോധം പ്രതി മനസില് സൂക്ഷിച്ചിരുന്നു. കണ്വെന്ഷന് സെന്ററില് ആളുകള് ഒത്തുകൂടിയ സമയം പ്രതി ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില് പറയുന്നു.
കഴിഞ്ഞ ഒക്ടോബര് 29-നാണ് യഹോവ സാക്ഷികളുടെ പ്രാര്ഥന നടക്കുന്നതിനിടെ കളമശേരിയിലെ കണ്വെന്ഷന് സെന്ററില് സ്ഫോടനമുണ്ടായത്. സംഭവത്തില് എട്ട് പേരാണ് കൊല്ലപ്പെട്ടത്.
അന്ന് തന്നെ ഡൊമിനിക് മാര്ട്ടിൻ കീഴടങ്ങിയിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള് ചുമത്തിയാണ് പോലീസ് ഇയാള്ക്കെതിരേ കേസെടുത്തത്.