എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Wednesday, April 24, 2024 4:31 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക. നേരത്തേ കേസുമായി ബന്ധപ്പെട്ട വാദത്തിൽ വിവി പാറ്റിന്റെ പ്രവർത്തനം തെരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു.
എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികത കമ്മീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. വോട്ടിംഗ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.