"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
Friday, May 3, 2024 12:38 AM IST
ഭോപ്പാൽ: തങ്ങളുടെ പാർട്ടി സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കിയാണെന്നും അതിന്റെ അടിസ്ഥാനശില സത്യമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. മധ്യപ്രദേശിലെ മൊറേനയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
"നമ്മുടെ പാരമ്പര്യം മഹാത്മാക്കളുടെ (സന്യാസിമാരുടേതാണ്)താണ്. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത മഹാത്മാഗാന്ധിയാണ് നമ്മുടെ (കോൺഗ്രസിന്റെ) രാഷ്ട്രീയ അടിത്തറ പാകിയത്. കോൺഗ്രസ് ഹിന്ദുമതം പഠിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യത്തിന്റെ പാതയിൽ നടക്കാൻ മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. പ്രിയങ്ക പറഞ്ഞു.
ഈ സത്യം കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അധികാരത്തിലുള്ള പാർട്ടിയുടെ മതം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള സേവനമായിരിക്കണം. ഇതാണ് ഞങ്ങളുടെ പാരമ്പര്യം. എന്നാൽ കഴിഞ്ഞ 10 വർഷമായി നിങ്ങൾ അധികാരത്തിൽ തുടരാൻ മതത്തിന്റെ പേരിൽ വോട്ട് സമ്പാദിച്ചു. ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രിയങ്ക കുറ്റപ്പെടുത്തി.
എല്ലാ പൗരന്മാരും മതവിശ്വാസികളാണെന്ന് വാദിച്ച കോൺഗ്രസ് നേതാവ്, തന്റെ മുത്തശി ഇന്ദിരാഗാന്ധി തന്നെ പൂജ ചെയ്യാൻ പഠിപ്പിച്ചുവെന്നും പിതാവ് അന്തരിച്ച രാജീവ് ഗാന്ധിയ്ക്കൊപ്പമാണ് താൻ ക്ഷേത്രത്തിൽ പോയതെന്നും ഓർത്തെടുത്തു.
എന്റെ അമ്മ (സോണിയ ഗാന്ധി) ഈ പാരമ്പര്യങ്ങൾ രാജ്യത്ത് നിന്ന് പഠിച്ചു. ഹിന്ദു മതം എന്താണെന്ന് അവർ എന്നെ പഠിപ്പിച്ചു. ഹിന്ദു മതമാണ് സത്യം. രാജ്യത്തിന്റെ മുദ്രാവാക്യം സത്യമേവ ജയതേ (സത്യം മാത്രം വിജയിക്കുന്നു) അത് ഞങ്ങൾ ഹൃദ്യമായി അറിയുന്നു. പ്രിയങ്ക കൂട്ടിച്ചേർത്തു.