കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി
Friday, May 10, 2024 6:58 PM IST
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വസ്തുവിന് അവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നയാളിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ വിൽവട്ടം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
വസ്തു പരിശോധിച്ച് അവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിന് 2000 രൂപയാണ് കൃഷ്ണകുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പരിശോധനയ്ക്ക് വന്നപ്പോൾ അപേക്ഷകൻ 1000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും രണ്ടായിരം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ വെള്ളിയാഴ്ച 2000 രൂപയുമായി വില്ലേജ് ഓഫീസിൽ എത്താൻ പറഞ്ഞു.
തുടർന്ന് അപേക്ഷകൻ വിവരം വിജിലൻസ് തൃശൂർ യൂണിറ്റിൽ അറിയിച്ചു. വിജിലൻസിന്റെ നിർദേശ പ്രകാരം പണം കൈമാറുന്നതിനിടെ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.