കര്‍ണാടകയിലെ അരും കൊല; പെൺകുട്ടിയുടെ അറുത്ത് മാറ്റിയ തല കണ്ടെടുത്തു; പ്രതി പിടിയിൽ
Sunday, May 12, 2024 12:44 PM IST
ബംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ലാസുകാരിയായുമായുള്ള വിവാഹം അധികൃതര്‍ ഇടപെട്ട് തടഞ്ഞതോടെ പെണ്‍കുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ്(32) ആണ് അറസ്റ്റിലായത്. പ്രതി ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് അറിയിച്ചു.
ഇയാൾ അറുത്തുമാറ്റിയ പെൺകുട്ടിയുടെ തല പോലീസ് കണ്ടെടുത്തു. മീന(16) എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ മടിക്കേരിയിലായിരുന്നു സംഭവം. വിവാഹം മുടങ്ങിയതിൽ പ്രകോപിതനായ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് കുട്ടിയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷം തല അറുത്ത് മാറ്റുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെയാണ് സംഭവം. ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ബാലവിവാഹത്തിന് എതിരെ ചിലര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു.
ഇതേതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കൂ എന്ന് മാതാപിതാക്കളെ അധികൃതര്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
അതേസമയം ശനിയാഴ്ച പ്രതി ജീവനൊടുക്കിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു.