കായംകുളത്ത് ഓടുന്ന കാറിൽ ഡോർ വിൻഡോയിലിരുന്ന് അഭ്യാസം; ഏഴംഗ സംഘം പിടിയിൽ
Monday, May 13, 2024 2:44 PM IST
കായംകുളം: നടുറോഡിൽ ഓടുന്ന വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ ഏഴ് യുവാക്കൾ കസ്റ്റഡിയിൽ. ഓച്ചിറ സ്വദേശി മർഫിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. കാറിൽ ഏഴുപേരുണ്ടായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോർ വിൻഡോയിലിരുന്ന് തല പുറത്തേക്കിട്ട് അപകടകരമാം വിധം യാത്ര ചെയ്ത സംഘത്തെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കെപി റോഡിൽ കറ്റാനം കോയിക്കൽപടി ജംഗ്ഷൻ മുതൽ കുറ്റിത്തെരുവ് വരെയായിരുന്നു യുവാക്കളുടെ അഭ്യാസയാത്ര. കാറിന് പിന്നാലെ യാത്ര ചെയ്തവർ ഇതിന്റെ വീഡിയോ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തു.
തുടർന്ന് മൂന്നു സ്ക്വാഡുകളായി നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി ഓച്ചിറയിൽനിന്ന് സംഘം പിടിയിലാകുകയായിരുന്നു. ഇവരെ കായംകുളം സബ് ആർടി ഓഫീസിൽ എത്തിച്ചശേഷം കേസെടുത്ത് വിട്ടയച്ചു.
കഴിഞ്ഞയാഴ്ചയും സമാനരീതിയില്‍ കായംകുളം കെപി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ആദിക്കാട്ടുകുളങ്ങര സ്വദേശികളായ യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു.