രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
Wednesday, May 15, 2024 7:31 AM IST
ജയ്പുർ: രാജസ്ഥാനിൽ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് മുതിർന്ന വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ 14 പേർ കുടുങ്ങിക്കിടക്കുന്നു. ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ കോലിഹാൻ ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. കോൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖനി ഉദ്യോഗസ്ഥരും ലിഫ്റ്റിൽ ഉണ്ടായിരുന്നു.
ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പർ കോംപ്ലക്സ് യൂണിറ്റ് മേധാവി ജി.ഡി. ഗുപ്ത, കോലിഹാൻ ഖനി ഡെപ്യൂട്ടി ജനറൽ മാനേജർ എ.കെ. ശർമ, വിജിലൻസ് സംഘത്തിനൊപ്പം ഫോട്ടോഗ്രാഫറായി ഖനിയിൽ കയറിയ മാധ്യമപ്രവർത്തകനും ഉൾപ്പടെയുള്ളവരാണ് ലിഫ്റ്റിലുള്ളത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഖനിക്കുള്ളിൽ 2000 അടിയോളം താഴ്ചയിൽ വച്ചാണ് ലിഫ്റ്റിന് കേടുപാടുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം സാധ്യമായിട്ടില്ല.
ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന എട്ടംഗ സംഘത്തെ എക്സിറ്റ് ഗേറ്റ് വഴി ഖനിക്കുള്ളിലേക്ക് അയച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഖനിയിൽ തന്നെ പ്രഥമശുശ്രൂഷ നൽകാനാണ് സാധ്യത.
അടിയന്തര സാഹചര്യം നേരിടാൻ ഒമ്പത് ആംബുലൻസുകൾ ഖനിക്ക് പുറത്ത് സജ്ജമാണ്. മുഴുവൻ ഭരണകൂടവും ജാഗ്രതയിലാണെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാവരും സുരക്ഷിതമായി പുറത്തുവരുമെന്നും എംഎൽഎ ധർമപാൽ ഗുർജാർ ഉറപ്പുനൽകി. 1967 ലാണ് ഖേത്രിയിലെ ചെമ്പ് ഖനി സ്ഥാപിതമായത്.