റെയിൽവേയുടെ ദ്രോഹം വീണ്ടും; മാവേലിയിലെ ജനറൽ കോച്ച് കുറച്ചു; പകരം ഒരു സ്ലീപ്പർ കൂടി
Wednesday, May 15, 2024 4:12 PM IST
കോഴിക്കോട്: തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ദിവസേന സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസിൽ ഇന്നു മുതൽ ഒരു ജനറൽ കോച്ച് റെയിൽവേ വെട്ടിക്കുറച്ചു. പകരം ഒരു സ്ലീപ്പർ കോച്ച് കൂടുതലായി അനുവദിച്ചിട്ടുണ്ട്.
ഇപ്പോൾ തന്നെ സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ് ശ്വാസം മുട്ടിയാണ് യാത്രക്കാർ മാവേലിയിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നത്. ഒരു ജനറൽ കോച്ചിൽതന്നെ അഞ്ഞൂറോളം പേരാണ് യാത്ര ചെയ്യുന്നത്. ജനറൽ കോച്ച് ഒരെണ്ണം വെട്ടിക്കുറയ്ക്കുന്നത് യാത്ര കൂടുതൽ ദുരിതത്തിലാക്കും.
ഒരു സ്ലീപ്പർ കോച്ചിൽ 72 യാത്രക്കാർ വരെയാണ് ഉണ്ടാവുക. എന്നാൽ ജനറൽ കോച്ചുകളിൽ അതിന്റെ ആറും ഏഴും ഇരട്ടി യാത്രക്കാരാണ് ഉണ്ടാവുക. വേനലവധിയായതിനാൽ ട്രെയിനുകളിലെല്ലാം നല്ല തിരക്കാണ്. ബുക്കു ചെയ്യാൻ ശ്രമിച്ചാലും ഈ റൂട്ടിൽ സീറ്റു കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ തന്നെ ജനറൽ കോച്ചുകളിൽ അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ അവസ്ഥയിൽ ജനറൽ കോച്ച് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് യാത്രാദുരിതം വർധിപ്പിക്കുന്ന റെയിൽവേ ഉന്നതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.