"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Friday, May 17, 2024 10:02 AM IST
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് നേതാവ് ജി .ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങളാണ് നീക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓള് ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും അനുവദിക്കുന്ന പ്രസംഗങ്ങളിലാണ് നടപടി. "വര്‍ഗീയ സ്വേച്ഛാധിപത്യ സര്‍ക്കാര്‍', "കിരാതമായ നിയമങ്ങള്‍', 'മുസ്ലിംകള് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍നിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.
നേതാക്കളുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് ചില വാക്കുകള്‍ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ദൂരദര്ശന് സ്റ്റുഡിയോയില്‍ വച്ചായിരുന്നു യെച്ചൂരിയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്തത്. വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം എന്നതടക്കമുള്ള വാക്കുകള്‍ ഒഴിവാക്കാന്‍ യെച്ചൂരിയോട് ആവശ്യപ്പെട്ടു.
കോല്‍ക്കത്തയില്‍ വച്ചാണ് ജി.ദേവരാജന്റെ അഭിമുഖം ചിത്രീകരിച്ചത്. പ്രസംഗത്തില്‍ നിന്ന് 'മുസ്ലിംകള്' എന്ന വാക്ക് ഒഴിവാക്കി.