യുപിയിൽ 79 സീറ്റുകൾ നേടുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും എസ്പിയും; പരിഹസിച്ച് മോദി
Wednesday, May 22, 2024 8:15 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 79 സീറ്റുകൾ നേടുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) എന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോണ്‍ഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും രാജകുമാരന്മാർ അവർക്ക് യുപിയില്‍ 79 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രചാരണം നടത്തുകയാണ്. ആളുകള്‍ ദിവാസ്വപ്നം എന്നൊക്കെ പറഞ്ഞു കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവരെ കണ്ടപ്പോള്‍ അതെന്താണെന്ന് എനിക്ക് മനസിലായെന്നും മോദി പറഞ്ഞു.
ജൂണ്‍ നാലിന് യുപിയിലെ ജനം അവരെ ആ കിനാവില് നിന്ന് ഉണർത്തും. അപ്പോഴവർ ഇവിഎം മെഷീനുകളെ പഴിചാരുമെന്നും മോദി പരിഹസിച്ചു.
പുണ്യം ചെയ്യാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്. നിങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ പുണ്യം ചെയ്യാനുള്ള അവസരമാണ് നഷ്ടമാകുന്നത്. 80 കോടി ആളുകള്‍ ജീവിക്കുന്നത് സ്വതന്ത്ര രാഷ്ട്രത്തിലാണെങ്കില്‍, അവർ തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവർ തന്നെ.
എന്നാല്‍ നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെങ്കില്‍ നിങ്ങളുടേതായ പുണ്യ പ്രവർത്തി രേഖപ്പെടുത്തപ്പെടില്ല. ഞാൻ നിങ്ങള്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന് നിങ്ങള്‍ വോട്ടിലൂടെ പ്രതിഫലം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.