തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്; ജാമ്യഹര്‍ജി 27ലേക്ക് മാറ്റി
Friday, May 24, 2024 3:27 AM IST
കൊച്ചി: തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ നല്കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഹൈക്കോടതി മേയ് 27ന് പരിഗണിക്കാന്‍ മാറ്റി.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യാര്ഥികള്ക്കെതിരേ ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് ഗൗരവ കുറ്റങ്ങളുണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കിയ ജസ്റ്റീസ് സി.എസ്. ഡയസ് ഹര്‍ജി മാറ്റുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
എംബിബിഎസ് വിദ്യാര്‍ഥികളായ കപില്‍ ഗാര്‍ഗ്, പീയൂഷ് ഗണ്‍പത്, ജൈനുല്‍ അബ്ദീന്, പ്രതീക് വിത്തല്‍, ഖുശ്വന്ത്, അനുപം യാദവ്, ഗോവിന്ദ്കുമാര്‍ ജോഗല് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 18ന് വോളിബോള്‍ കളിക്കിടെ പ്രതികള്‍ ജൂണിയര്‍ വിദ്യാര്‍ഥികളായ ഹര്ഷവര്ധന് പാണ്ഡേ, വൈഭവ് ഭരദ്വാജ് എന്നിവരെ ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്.