അത്താഴം വിളമ്പി നൽകിയില്ല; മകൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി
Saturday, May 25, 2024 6:19 AM IST
ഭോപ്പാൽ: അത്താഴം വിളമ്പി നൽകാത്തതിനെ തുടർന്ന് യുവാവ് അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് മലിയ ഭീൽ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു.
അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയി.
തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയെ മകൻ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അമ്മയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ ആശാറാം കെട്ടിത്തൂക്കി. സംഭവത്തിന് പിന്നാലെ ആശാറാം വീട്ടിൽ നിന്നും മുങ്ങി.
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.