പന്തീരാങ്കാവ് ഗാർഹിക പീഡനം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Tuesday, May 28, 2024 4:24 AM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഒന്നാം പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും.
ഒന്നാം പ്രതി പന്നിയൂർകുളം സ്വദേശി രാഹുൽ പി. ഗോപാലന്റെ അമ്മ ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചുവെങ്കിലും വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രതികൾക്കു ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
ജാമ്യം നൽകിയാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനിടയാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പോലീസ് അനാവശ്യമായി വേട്ടയാടുകയാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രോസിക്യൂഷനായി അഡ്വ. കെ.എൻ. ജയകുമാറും പ്രതികൾക്കായി അഡ്വ. സലീം പക്സാനുമാണ് ഹാജരായത്.
നവവധുവിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പ്രതിയുടെ അമ്മയെയും സഹോദരിയെയും പോലീസ് കേസിൽ പ്രതി ചേർത്തത്.
രാഹുലിനെ ജർമനിയിലേക്ക് ഒളിച്ചു കടക്കാൻ ഉപദേശവും സഹായവും നൽകിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ബാലുശേരി സ്വദേശി കെ.ടി. ശരത്ലാലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ശരത്ലാലിന്റെ ജാമ്യാപേക്ഷ കോടതി 31ന് പരിഗണിക്കും.