വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിൽ
Thursday, May 30, 2024 4:34 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ഇന്ന് കന്യാകുമാരിയിൽ എത്തും. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്ടറില്‍ 4.15ഓടെ കന്യാകുമാരിയിലെത്തും.
ഇന്ന് മുതല്‍ ജൂണ്‍ ഒന്നിന് വൈകുന്നേരം വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.
പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
രണ്ടായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. 2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു.