എറിഞ്ഞിട്ട് സമനില പിടിച്ച് ഒമാൻ; സൂപ്പർ ഓവറിൽ ജയം അടിച്ചെടുത്ത് നമീബിയ
Monday, June 3, 2024 10:08 AM IST
ബ്രിഡ്ജ്ടൗൺ: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒമാനെ തകർത്ത് നമീബിയ. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ കളി സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പർ ഓവറിൽ നമീബിയ 21 റൺസ് അടിച്ചെടുത്തപ്പോൾ ഒമാന്റെ പോരാട്ടം 10 റൺസിൽ അവസാനിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കാനാകുംമുമ്പേ രണ്ടു ബാറ്റർമാർ കൂടാരംപൂകി. ഓപ്പണർ കശ്യപ് പ്രജാപതി, പിന്നാലെയെത്തിയ നായകൻ അക്വിബ് ഇല്യാസ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
പിന്നാലെ ആറു റൺസുമായി ഓപ്പണർ നസീം ഖുഷിയും മടങ്ങിയതോടെ മൂന്നിന് പത്ത് എന്ന നിലയിൽ ഒമാൻ പ്രതിസന്ധിയിലായി. റൂബൻ ട്രംപൽമാനായിരുന്നു മൂന്നുവിക്കറ്റും. പിന്നാലെയെത്തിയ സീഷാൻ മഖ്സൂദ് (22), ഖാലിദ് കെയ്ൽ (34), അയാൻ ഖാൻ (15), ഷക്കീൽ അഹമ്മദ് (11) എന്നിവരുടെ ചെറുത്തുനില്പാണ് ഒമാനെ നൂറുകടത്തിയത്. മറ്റാർക്കും രണ്ടക്കംപോലും കടക്കാനായില്ല.
നമീബിയയ്ക്കു വേണ്ടി റൂബൽ ട്രംപൽമാൻ 21 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്തു. ഡേവിഡ് വീസ് മൂന്നും ജെർഹാർഡ് ഇറാസ്മസ് രണ്ടും ബെർണാർഡ് ഷോട്സ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് രണ്ടാം പന്തിൽ തന്നെ മൈക്കൽ വാൻ ലിംഗനെ (പൂജ്യം) നഷ്ടമായി. പിന്നാലെ ക്രീസിൽ ഒന്നിച്ച നിക്കോളാസ് ഡാവിനും (24) ജാൻ ഫ്രൈലിങ്കും (45) ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. ഡാവിൻ പുറത്തായതിനു പിന്നാലെ നായകൻ ജെർഹാർഡ് ഇറാസ്മസുമായി (13) ചേർന്ന് ഫ്രൈലിങ്ക് അടുത്ത കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 73 റൺസിൽ നില്ക്കെ ഇറാസ്മസ് പുറത്തായതോടെ നമീബിയ പരുങ്ങലിലായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒരറ്റത്ത് പിടിച്ചുനിന്നിരുന്ന ഫ്രൈലിങ്ക് വിജയലക്ഷ്യത്തിനു തൊട്ടരികെ പുറത്തായതോടെ നമീബിയയുടെ പോരാട്ടം 109 റൺസിൽ അവസാനിച്ചു.
ഒമാനു വേണ്ടി മെഹ്റാൻ ഖാൻ മൂന്നും ബിലാൽ ഖാൻ, അയാൻ ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.