തിരുത്തേണ്ടത് തിരുത്തും, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
Tuesday, June 4, 2024 5:50 PM IST
തിരുവനന്തപുരം: ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനത്തെ വിധിയെന്നും ആ വിധി അംഗീകരിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.
സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. കഴിഞ്ഞ തവണ വിധി ഇതായിരുന്നിട്ടും തങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും വിജയിച്ചു. രണ്ടാമതും ഇടതു സർക്കാർ അധികാരത്തിൽ വന്നു.
സംസ്ഥാനത്തെ തിരിച്ചടി സർക്കാർ തലത്തിലും പാർട്ടിയും പരിശോധിക്കും. പാർട്ടി എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി ഉൾക്കൊള്ളേണ്ടത് ഉൾക്കൊണ്ടും പാർട്ടി മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.