റായ്ബറേലിയോ വയനാടോ? കടുത്ത ധര്‍മസങ്കടത്തിലെന്ന് വയനാട്ടുകാരോട് രാഹുല്‍ ഗാന്ധി
Wednesday, June 12, 2024 3:11 PM IST
മലപ്പുറം: എതു സീറ്റ് ഒഴിയണമെന്ന കാര്യത്തില്‍ താന്‍ വലിയ ധര്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വയനാട് മണ്ഡലത്തിലെ എടവണ്ണയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. ഭരണഘടന ഇല്ലാതായാല്‍ പാരമ്പര്യം ഇല്ലാതാകും. ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് ജനം പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി. ധാര്‍ഷ്ട്യത്തെ വിനയം കൊണ്ട് വോട്ടര്‍മാര്‍ തോല്‍പ്പിച്ചു. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു'.-രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ മിന്നുംജയത്തിനു പിന്നാലെ വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് യുഡിഎഫ് പ്രവർത്തകർ വൻ സ്വീകരണമാണൊരുക്കിയത്. വയനാട്ടിലും റായ്ബറേലിയിലും വന്‍ വിജയം നേടി ഇന്ത്യാ മുന്നണിക്ക് കരുത്തേകിയ പ്രിയനേതാവിനെ കാണാന്‍ അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു.
നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുടർന്ന് പൊതുപരിപാടിയുടെ വേദിയിലേക്കെത്തിയ രാഹുലിനെ കോൺഗ്രസ്, മുസ്ലിം ലീഗ്, കെഎസ്യു പതാകകൾ വീശിയാണ് പ്രവർത്തർ സ്വീകരിച്ചത്.
റായ്ബറേലിയിലും വലിയ വിജയം നേടിയ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യാ മുന്നണിക്ക് കരുത്തേകാന്‍ രാഹുല്‍ ഉത്തരേന്ത്യയില്‍ ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ വയനാട് മണ്ഡലം ഒഴിയുന്നത്.