ജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി കവർച്ച; അഞ്ചംഗ സംഘം പിടിയിൽ
Wednesday, June 12, 2024 4:53 PM IST
എടപ്പാൾ: തൃശൂരിലെ ജ്വല്ലറി ജീവനക്കാരനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി ആക്രമിച്ച് കോടികൾ വിലമതിക്കുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതികളടക്കം അഞ്ചുപേർ കൂടി പിടിയിൽ.
എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരിൽനിന്നു വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. തൃശൂരിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തി കൈവശമുണ്ടായിരുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ സഹായിച്ചവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അനേഷണത്തിൽ ബാക്കിയുള്ള ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നു വിവരം ലഭിച്ചു. ഇതേത്തുടർന്ന് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്.