കുവൈത്തിലെ തീപിടിത്തം; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നത തല യോഗം ചേർന്നു
Wednesday, June 12, 2024 9:49 PM IST
ന്യൂഡല്‍ഹി: കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഇന്ത്യക്കാർ അടക്കം മരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും തുടർ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.
മലയാളികളുടെ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്പ് ലൈന്‍ ആരംഭിച്ചു. 18004253939 എന്ന നമ്പറിലാണ് നോര്‍ക്ക ഹെല്പ് ലൈന്‍ പ്രവര്‍ത്തിക്കുക.
കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോദി പറഞ്ഞു.
കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ എംബസി കുവൈത്തിലെ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
തീപിടിത്തത്തിൽ 11 മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. 49 പേരാണ് അപകടത്തിൽ മരിച്ചത്.