യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസ്; യൂട്യൂബർ പിടിയിൽ
Wednesday, June 12, 2024 11:18 PM IST
കൊച്ചി: സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത യൂട്യൂബർ പിടിയിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്.
ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി ഏഴു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാർഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പോലീസ് പറഞ്ഞു. ഇത് കൂടാതെ 30 പവനോളം സ്വർണവും ഇയാൾ യുവതിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.
ഫുഡി മേനോൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫുഡ് വ്ലോഗുകളിലൂടെ ജനങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് അറസ്റ്റിലായ ജയശങ്കർ മേനോൻ.