കുവൈറ്റ് ദുരന്തം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം
Thursday, June 13, 2024 9:28 AM IST
തിരുവനന്തപുരം: കുവൈറ്റിൽ തൊഴിലാളിക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. രാവിലെ പത്തിനാണ് യോഗം.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും. കൂടാതെ, കേന്ദ്ര സർക്കാർ, നോർക്ക, വിദേശകാര്യ മന്ത്രാലയം, മലയാളി കമ്പനികളുടെ പ്രതിനിധികൾ, ലോക കേരളസഭാ പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തിക്കൊണ്ട് സർക്കാരിന് എന്തൊക്കെ രീതിയിലുള്ള ഇടപെടലുകൾ നടത്താൻ സാധിക്കുമെന്നും യോഗം ചർച്ച ചെയ്യും.
പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കേരളത്തിന്റെ പ്രതിനിധിയെ കുവൈറ്റിലേക്ക് അയക്കുന്നതിനുള്ള സാധ്യതകളും മന്ത്രിസഭാ യോഗം ചർച്ച ചയ്യും.
സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികളാണ് മരിച്ചത്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 49 പേര് മരിച്ചതായും ഇവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.
മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനി ക്യാന്പിൽ ഇന്നലെ പുലർച്ചെ നാലിനാണ് അതിദാരുണ സംഭവമുണ്ടായത്. അതിരാവിലെ പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാനിടയായത്. ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തം കുവൈറ്റിന്റെ സമീപ കാല ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
കോട്ടയം പാമ്പാടി ഇടിമാലിയിൽ സാബു ഏബ്രഹാമിന്റെയും ഷേർളിയുടെയും മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ വാസുദേവൻ നായരുടെ മകൻ പി.വി. മുരളീധരൻ (54), കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്റെയും സബീനയുടെയും മകൻ ഷെമീർ (30), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെ മകൻ ആകാശ് എസ്. നായർ (32), കാസര്‍ഗോഡ് പീലിക്കോട് എരവില്‍ പി. കുഞ്ഞിക്കേളു (58), കാസര്‍ഗോഡ് ചെങ്കള കുണ്ടടുക്കത്തെ കെ.ആര്. രഞ്ജിത് (34) കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ വർഗീസിന്റെ മകൻ സജു (56), കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാല വടക്കോട്ടു വിളയിൽ ലൂക്കോസ് (സാബു-48) എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു.
ഫോറൻസിക് പരിശോധനയടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർണമായ ശേഷമേ വിശദമായ വിവരങ്ങൾ പുറത്തുവിടൂ എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറച്ചു പേർ പൊള്ളലേറ്റാണു മരിച്ചത്. അധികമാളുകളും മുറികൾക്കുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കന്പനിയായതിനാൽ ജോലിക്കാരിൽ നല്ലൊരു പങ്കും മലയാളികളാണ്. 45 മൃതദേഹങ്ങൾ ദജീജ് മോർച്ചറിയിലും നാലു മൃതദേഹങ്ങൾ അദാൻ ഹോസ്പിറ്റലിലും സൂക്ഷിച്ചിരിക്കുകയാണ്.