അതിവേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം
Thursday, June 13, 2024 11:22 AM IST
കൊച്ചി: പൊന്നുരുന്നിയിൽ കാർ സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.
വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് ബുധനാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ സ്കോർപിയോ കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ കാർ ഡ്രൈവർ പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ഉൾപ്പെടുത്തി പോലീസ് കേസെടുത്തിട്ടുണ്ട്.