ലോക കേരളസഭ നിർത്തിവച്ച് പണം കുവൈറ്റ് ദുരന്തത്തിനിരയായവർക്ക് നൽകണം: കെ. സുരേന്ദ്രൻ
Thursday, June 13, 2024 2:53 PM IST
കോഴിക്കോട്: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭയുടെ നാലാം സമ്മേളനം നിര്‍ത്തിവച്ച് അതിന്റെ പണം അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ലോക കേരളസഭ എന്ന പേരില്‍ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. ലോക കേരളസഭ വന്‍ ധൂര്‍ത്താണെന്ന വിമര്‍ശനങ്ങള്‍ ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനകാലത്തും ഉയര്‍ന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി നിരന്തരം ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആളാണ്. എന്നാല്‍, ഇതുവരെ ഒരു ലേബര്‍ ക്യാമ്പില്‍ പോലും അദ്ദേഹം പോവുകയോ അവരുടെ ദുരിതം മനസിലാക്കുകയും ചെയ്തിട്ടില്ല. പ്രവാസികളുടെ ദുരിതത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുക പോലും ചെയ്തിട്ടില്ല. എന്തിനാണ് കോടികള്‍ ചെലവഴിച്ച് ആളുകളെ കബളിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
കുവൈറ്റ് തീപിടിത്തത്തെ തുടര്‍ന്ന് ലോക കേരളസഭയുടെ ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചര്‍ച്ചയും കലാപരിപാടികളും മാറ്റിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം തന്നെ മാറ്റിവയ്ക്കാൻ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.