പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ. സുധാകരന്
Friday, June 14, 2024 5:25 PM IST
കണ്ണൂര്‍: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി.
തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളര്‍ത്തിയശേഷമാണ് ഇപ്പോള്‍ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരും.
ടി.പി. ചന്ദ്രശേഖറിനെ അരിഞ്ഞുവീഴ്ത്തിയതുപോലെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവര്‍ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെപിസിസി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നല്‍കിയിട്ടും ചെറുവിരല്‍ അനക്കിയിട്ടില്ല. പിണറായി വിജയനും സിപിഎം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.