എരഞ്ഞോളി സ്ഫോടനത്തിൽ സഭയിൽ വാക്പോര്, അടിയന്തരപ്രമേയം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
Wednesday, June 19, 2024 12:04 PM IST
തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ നിയമസഭയിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.
നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്. പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഫോടക വസ്തുക്കളുടെ നിര്‍മാണവും മറ്റും തടയുന്നതിനു ശക്തമായ നടപടികളും പരിശോധനയുമാണു പോലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഎം ഗ്രൂപ്പ് പോരിനു വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നുവെന്നും അവർ ആയുധം താഴെവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.