ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
Thursday, June 20, 2024 1:31 AM IST
ഒട്ടാവ: ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇസ്ലാമിക രാജ്യമായ ഇറാനിൽ നിന്നും പൗരന്മാർ മടങ്ങിയെത്തണമെന്നും കാനഡ ആവശ്യപ്പെട്ടു.
ക്രിമിനൽ കോഡ് പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിനെ ഭീകര സംഘടനയായി പട്ടികപ്പെടുത്താൻ സർക്കാർ തീരുമാനിച്ചുവെന്ന് പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇറാൻ ഭരണകൂടം ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനിനകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡ വർഷങ്ങൾക്ക് മുൻപ് ടെഹ്റാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച കാര്യം ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രി മെലാനി ജോളി, ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് കനേഡിയൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഇപ്പോൾ ഇറാനിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്നും അവർ കൂട്ടിച്ചേർത്തു. റെവല്യൂഷണറി ഗാർഡിലെ അംഗങ്ങൾ കാനഡയിൽ പ്രവേശിക്കുന്നതിനും ഇവരുമായി കനേഡിയൻ പൗരന്മാർ ഇടപാട് നടത്തുന്നതിനും വിലക്കുണ്ട്.
കാനഡയിൽ റെവല്യൂഷണറി ഗാർഡിലെ അംഗങ്ങൾക്കുള്ള സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.