ടിപി കേസ് പ്രതികളെ മോചിപ്പിക്കാൻ നീക്കം; പിണറായി സർക്കാർ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: കെ.സുധാകരന്
Saturday, June 22, 2024 6:16 PM IST
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മൂന്നു പ്രതികളെ വിട്ടയക്കാൻ നീക്കം നടന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
ഇരുപത് വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി മറികടന്നാണ് സർക്കാർ നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് സുധാകരന് പറഞ്ഞു. ടിപിയെ വധിക്കാന്‍ ഉത്തരവിട്ടവര്‍ ഇനിയും കേരളത്തില്‍ ആരുടെയൊക്കെയോ രക്തം ഒഴുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായിട്ടാണ് ഈ കൊടും ക്രിമിനലുകളെ പുറത്ത് വിടാൻ സർക്കാർ ശ്രമിക്കുന്നത്. ഉന്നത സിപിഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായി നടപടി സ്വീകരിക്കില്ല.
കണ്ണൂരില്‍ വ്യാപകമായി ബോംബു നിർമാണം നടക്കുന്നതും കൊടും ക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്നു വിടുന്നതും തമ്മില്‍ ബന്ധമുണ്ട്. നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ടിപിയെ വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സിപിഎമ്മും നിലപാട് എടുത്തതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.