കനത്ത മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
Sunday, June 23, 2024 6:15 AM IST
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടതോടെ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദേശം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനും മുകളിലുള്ള അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് നിഗമനം.
കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ്. എട്ട് സെന്റിമീറ്റർ മഴയാണ് ശനിയാഴ്ച അങ്ങാടിപ്പുറത്ത് പെയ്തത്.