കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി ; ആർആർടി സംഘം പരിശോധന തുടങ്ങി
Sunday, June 23, 2024 9:55 PM IST
വയനാട്: കേണിച്ചിറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ കൊന്ന മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തിൽ ഞായറാഴ്ച രാത്രി വീണ്ടും കടുവ എത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചില്‍ അവസാനിപ്പിച്ചു പോയതിനു തൊട്ടു പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. കടുവ തൊഴുത്തിൽ കയറുന്ന ദൃശ്യം വീട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി.
ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി കടുവയെ നേരിൽ കണ്ടിരുന്നു.
കടുവയുടെ ആക്രമണത്തിൽ ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിച്ചു.
കടുവ വീണ്ടും എത്തിയതോടെ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടങ്ങി. കടുവാ ഭീതി നിലനില്‍ക്കുന്നതിനാൽ പൂതാടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ രണ്ട്, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.