അനധികൃത ഭൂമികൈയേറ്റം: ആദിവാസി വിഭാഗത്തിന്റെ ഹര്‍ജി തീര്‍പ്പാക്കി
Tuesday, June 25, 2024 3:07 AM IST
കൊച്ചി: സംരക്ഷിത വനമേഖലയോടു ചേര്‍ന്ന് കിടക്കുന്ന ആദിവാസി ഭൂമി കൈയേറാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് സംരക്ഷണം തേടി ആദിവാസി വിഭാഗക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യനാഥ ട്രസ്റ്റ് അടക്കമുള്ളവര്‍ക്കെതിരേ അട്ടപ്പാടി മൂലഗംഗന് ഊര് നിവാസികളും ഇരുളര്‍ സമുദായാംഗങ്ങളുമായ എട്ടു സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി വിട്ടുനല്കിയില്ലെങ്കില് അനന്തരഫലങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിക്കും ഷോളയാര്‍ പോലീസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഹര്‍ജിക്കാര്‍ പറയുന്ന സ്ഥലത്ത് തങ്ങള്‍ക്കും ഉടമസ്ഥാവകാശം ഉണ്ടെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ഹര്‍ജിക്കാര്‍ അതിക്രമിച്ചു കടക്കുകയാണ് ചെയ്യുന്നതെന്നും ഒരുതരത്തിലുള്ള ഭീഷണിയും നടത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം വിഷയം സിവില്‍ തര്‍ക്കമായതിനാല്‍ പോലീസിന് ഇടപെടാനാകില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് പോലീസിനു നിര്‍ദേശം നല്കിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന് തര്‍ക്കം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.