ഓം ബിര്‍ള വീണ്ടും സ്പീക്കർ; ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു; വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം
Wednesday, June 26, 2024 11:34 AM IST
ന്യൂഡൽഹി: ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ വീണ്ടും തെരഞ്ഞെടുത്തു. ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു. പ്രധാനമന്ത്രിയാണ് ബിര്‍ളയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള ആദ്യ പ്രമേയം അവതരിപ്പിച്ചത്. ഇതിന് രാജ്നാഥ് സിംഗ് പിന്തുണ നല്കി.
ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ എംപി അരവിന്ദ് സാവന്താണ് കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി ആദ്യ പ്രമേയം അവതരിപ്പിച്ചത്. എന്‍.കെ പ്രമേചന്ദ്രന് ഇതിനെ പിന്തുണച്ചു.
പതിനേഴാം ലോക്സഭയുടെ സ്പീക്കറായിരുന്നു ഓം ബിര്‍ള. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ടാം തവണയും സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിര്‍ള.
നേരത്തേ കോണ്‍ഗ്രസ് നേതാവ് ബല്‍റാം ജാക്കറാണ് രണ്ട് തവണ സ്പീക്കര്‍ പദവി വഹിച്ചിട്ടുള്ളത്. 1980 മുതല്‍ 1989 വരെയാണ് ജാക്കര്‍ ലോക്സഭാ സ്പീക്കറായിരുന്നത്. അതേസമയം ലോക്സഭയിലെ മുതിർന്ന അംഗമെന്ന നിലയിലാണ് കൊടിക്കുന്നിലിനെ പ്രതിപക്ഷം സ്പീക്കർ സ്ഥാനാർഥിയാക്കിയത്.