ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു
Sunday, July 7, 2024 5:49 AM IST
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കീയർ സ്റ്റാർമറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
സമത്വത്തോടെയുള്ള സാമ്പത്തിക വളർച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവർക്കും മികച്ച അവസരങ്ങൾ, കമ്യൂണിറ്റി ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്നും രാഹുൽ സ്റ്റാർമറിന് അയച്ച കത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാർമറെ അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ സർക്കാരുമായി സഹകരിക്കാൻ ഇന്ത്യ തയാറാണെന്നും ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് കൂടുതൽ പങ്കാളിത്തവും ക്രിയാത്മകമായ സഹകരണവും പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടിയതിനു പിന്നാലെ കീയർ സ്റ്റാർമറെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ലേബർപാർട്ടി യുകെയിൽ അധികാരത്തിലെത്തിയത്.