യുപിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
Wednesday, July 10, 2024 6:35 AM IST
ലക്നോ: ഉത്തർപ്രദേശിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസുള്ള ആൺകുട്ടി ഉൾപ്പെടെ നാലുപേർ പൊള്ളലേറ്റു മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
മഹോബ ജില്ലയിലെ ശ്രീനഗർ മേഖലയിലെ ബെലാറ്റൽ ലിങ്ക് റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒരു ബൈക്കിൽ യാത്ര ചെയ്തിരുന്ന നാലുപേരിൽ രാജ് (എട്ട്), ലളിതേഷ് (22) എന്നിവരും മറ്റൊരു ബൈക്കിൽ യാത്ര ചെയ്തിരുന്ന ചന്ദ്രഭൻ (40), സുനിൽ റാഹി (22) എന്നിവരുമാണ് മരിച്ചത്.
ദേവേന്ദ്ര (എട്ട്), നേഹ (25) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.