ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കും, കുടിശിക സമയബന്ധിതമായി കൊടുത്തുതീർക്കും: മുഖ്യമന്ത്രി
Wednesday, July 10, 2024 12:36 PM IST
തിരുവനന്തപുരം: ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമയബന്ധിതമായി കുടിശിക മുഴുവന്‍ കൊടുത്ത് തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും അവശ്യവിഭാഗത്തെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും. നിലവിലുള്ളത് അഞ്ച് മാസത്തെ പെന്ഷന് കുടിശികയാണ്. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുവും നല്‍കും.
നെല്ലുസംഭരണത്തിലെ കുടിശിക അടക്കം ഈ സാമ്പത്തിക വര്‍ഷം തന്നെ കൊടുത്ത് തീര്‍ക്കും. കാരുണ്യപദ്ധതിയുടെ കുടിശിക ഈ സാമ്പത്തികവര്‍ഷം തന്നെ തീര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചട്ടം മൂന്നൂറ് പ്രകാരമുള്ള പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. 2021 മുതല്‍ കേരളം നേരിടുന്നത് കേന്ദ്ര വിവേചനമാണ്. മൂന്ന് വര്‍ഷം കൊണ്ട് കേന്ദ്ര ഗ്രാന്റില്‍ 19000 കോടിയുടെ കുറവുണ്ട്. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.