പ്രതിപക്ഷ നേതാവിന് പരിഹാസവും പുച്ഛവുമെന്ന് എം.ബി.രാജേഷ്; മന്ത്രി സ്പീക്കര്‍ കളിക്കേണ്ടെന്ന് സതീശന്
Thursday, July 11, 2024 12:16 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സഭയില്‍ പറയുന്നതെന്നും തിരുത്താന്‍ ശ്രമിക്കുമ്പോള്‍ വഴങ്ങാറില്ലെന്നും മന്ത്രി എം.ബി.രാജേഷ്. മന്ത്രിമാര്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്നും രാജേഷ് വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഇടപടാന്‍ പാടില്ലെന്ന മട്ടാണ്. ആ സമ്മര്‍ദതന്ത്രം പലപ്പോഴും ചെയറിന് നേരെയും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോടും നിരന്തരമായി ഇത്തരമൊരു സമീപനമാണ് സ്വീകരിക്കുന്നത്.
ജനാധിപത്യപരമായ ഒരു സംവാദത്തിന്റെ അന്തരീക്ഷം സഭയില്‍ സൃഷ്ടിക്കാന്‍ ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്. സതീശന്റെ വാക്കുകളില്‍ പരിഹാസവും പുച്ഛവുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ധിക്കാരം, ധാര്‍ഷ്ട്യം, പുച്ഛം തുടങ്ങിയ വിശേഷണങ്ങളൊക്കെ ആര്‍ക്കാണ് ചേരുന്നതെന്ന് ഇവിടെ എല്ലാവര്ക്കും അറിയാമെന്ന് സതീശന് തിരിച്ചടിച്ചു. അത് ആര്‍ക്കാണ് ചേരുന്നതെന്ന് നിങ്ങള്‍ തന്നെ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ചാപ്പ തന്റെ മേല്‍ കുത്തേണ്ട.
മന്ത്രിമാര്‍ തന്നെ കൂട്ടം കൂടി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്ന സംഭവം സഭയുടെ മുന്‍കാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എം.ബി.രാജേഷ് സ്പീക്കര്‍ കളിച്ച് പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കാന്‍ വരേണ്ടെന്നും സതീശന് പറഞ്ഞു.