കെഎസ്ഇബി ജീവനക്കാരനുനേരെ ആക്രമണം: പ്രതി അറസ്റ്റില്‍
Monday, July 15, 2024 3:41 AM IST
ചിറ്റാരിക്കാല്‍: കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരന് ചിറ്റാരിക്കാല്‍ തയ്യേനിയിലെ കെ. അരുണ്‍ കുമാറിനെ ആക്രമിച്ച പ്രതി പിടിയിൽ. ചിറ്റാരിക്കാല്‍ കാവുന്തലയിലെ സന്തോഷ് ജോസഫിനെയാണ് പോലീസ് ഞായറാഴ്ച രാത്രി ആലക്കോടുനിന്ന് അറസ്റ്റ് ചെയ്തത്.
അരുൺ ബൈക്കില്‍ സഞ്ചരിക്കവേ സന്തോഷ് ജീപ്പുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം ലിവര്‍ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിനുശേഷം ജീപ്പുമായി കടന്ന സന്തോഷ് ഒളിവിലായിരുന്നു. വീട്ടിലെ കേടായ ഇലക്ട്രിക് മീറ്റര്‍ മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെവിക്കു പരിക്കേറ്റ അരുണ്‍കുമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.