കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ; സംസ്ഥാന ക്യാന്പിന് ചൊവ്വാഴ്ച തുടക്കം
Monday, July 15, 2024 11:35 PM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം വരും തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കോൺഗ്രസിന്റെ സംസ്ഥാന ക്യാന്പിന് ചൊവ്വാഴ്ച തുടക്കമാകും.
സുൽത്താൻബത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10ന് തുടങ്ങുന്ന ക്യാന്പ് ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ക്യാന്പിൽ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് മുഖ്യ ചർച്ചയാകും. പാലക്കാട് , ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചയും നടക്കും.
ബിജെപി പിടിച്ച പരമ്പരാഗത സിപിഎം വോട്ടുകൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറ്റാനുള്ള കർമപദ്ധതികളും യോഗത്തിൽ തയാറാക്കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 123 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക.