കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു; തദ്ദേശസ്ഥാപനങ്ങൾ പിടിക്കാൻ കർമ്മപദ്ധതി
Wednesday, July 17, 2024 6:03 PM IST
കൽപ്പറ്റ: രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരിയിൽ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കർമ്മപദ്ധതിക്ക് യോഗത്തിൽ രൂപം നൽകി.
ആറ് കോര്‍പ്പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുതിർന്ന നേതാക്കൻമാർ ഏകോപിപ്പിക്കും. കണ്ണൂര്‍ കോർപ്പറേഷന്റെ ചുമതല കെ.സുധാകരനും, കൊച്ചി വി.ഡി.സതീശന്, കോഴിക്കോട് രമേശ് ചെന്നിത്തല, തൃശൂര്‍ റോജി എം. ജോൺ, കൊല്ലം വി.എസ്.ശിവകുമാർ, തിരുവനന്തപുരം പി.സി.വിഷ്ണുനാഥ് എന്നിവർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഇതിന് പുറമെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കും, എറണാകുളം മേഖലയുടേത് ടി.എന്‍.പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി. സിദ്ധിഖ് എംഎല് എയ്ക്കും നല്കി.
ജില്ലകളുടെ സംഘടനാ ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറിമാറിക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് നല്കി. ഇവർ ജില്ലകളുടെ ചുമതലവഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.