ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം നിരസിച്ചയാൾ: ചെറിയാൻ ഫിലിപ്പ്
Thursday, July 18, 2024 5:25 AM IST
തിരുവനന്തപുരം: 1995ൽ കെ. കരുണാകരനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോണ്ഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹറാവുവിനെ അറിയിച്ചതോടൊപ്പം എ.കെ. ആന്റണിയുടെ പേരു നിർദേശിക്കുകയും ചെയ്തു.
എ.കെ. ആന്റണി താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആന്റണിയെക്കൊണ്ട് സമ്മതിപ്പിക്കാൻ പി.ജെ. കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. പി.ജെ. കുര്യൻ നരസിംഹറാവുവിനെ നേരിൽ കണ്ട് എ.കെ. ആന്റണിയുടെ മേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
1978ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല.1980ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. തുടർന്നാണ് പി.സി. ചാക്കോ മന്ത്രിയായത്- ചെറിയാൻ ഫിലിപ്പ് ഓർമിച്ചു.