മുഖ്യമന്ത്രിയുടെ പേരിൽ വ്യാജരേഖകൾ നിർമിച്ച് പണം തട്ടി; പ്രതി പിടിയിൽ
Saturday, July 20, 2024 2:38 AM IST
പട്ടാമ്പി: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുലുക്കല്ലൂർ മുളയൻകാവ് സ്വദേശി ആനന്ദിനെയാണ് പോലീസ് പിടികൂടിയത്.
മുതുതല സ്വദേശി കിഷോർ എന്നയാളിൽ നിന്നും ആനന്ദ് പലതവണകളായി 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യത്തിന് എന്നുപറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്.
തുടർന്ന് കിഷോർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സർക്കാരിൽനിന്ന് 64 കോടി രൂപ ലഭിക്കാനുണ്ടെന്ന് ഇയാൾ കിഷോറിനോട് പറഞ്ഞു. ഇത് വിശ്വസിപ്പിക്കാനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജ രേഖകൾ ഉണ്ടാക്കി കാണിക്കുകയും ചെയ്തു.
പണം അനുവദിക്കുന്നത് വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് പേടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് കിഷോർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ പോലീസും സൈബർസെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് വ്യാജരേഖ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചോയ്തു.