കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്രബജറ്റ്: വി. മുരളീധരന്
Tuesday, July 23, 2024 11:02 PM IST
തിരുവനന്തപുരം: തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്രബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. നാലുകോടിയിലധികം ചെറുപ്പക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്ന് പറയുന്നത് പ്രതീക്ഷയേകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുദ്രാലോണ്‍ ഇരട്ടിയാക്കിയതും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ഏയ്ഞ്ചല്‍ ടാക്സ് റദ്ദാക്കിയതും യുവസംരംഭകര്ക്ക് ആത്മവിശ്വാസം പകരും. ബജറ്റില്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ വായ്പ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാനസൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് അമ്പത് വര്‍ഷത്തേക്ക് നല്കുന്ന പലിശരഹിത വായ്പ കേരളം പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഇത് ആക്കം കൂട്ടും. കിഫ്ബിയെ ആശ്രയിക്കുന്നതിന് പകരം ഈ സാധ്യത ഉപയോഗപ്പെടുത്തി സാമ്പത്തിക പ്രതിസന്ധിയെ നേരിടണമെന്നും മുരളീധരൻ പറഞ്ഞു.
പുതുതായി ജോലിയില്‍ കയറുന്നവരുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നത് വിപ്ലവകരമായ തീരുമാനമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.