നേപ്പാളില്‍ വിമാനം തകര്‍ന്ന സംഭവം: അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു
Thursday, July 25, 2024 12:10 AM IST
കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് 18 പേര് മരിച്ച അപകടത്തെ കുറിച്ചന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്‍ ഡയറക്റ്റര്‍ ജനറല്‍ രതീഷ് ചന്ദ്ര ലാല്‍ സുമന്റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സമിതി.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടേക്ക്ഓഫിനിടെ വിമാനം റൺവേയിൽനിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു.
19 ജീവനക്കാരുമായി പോക്കാറ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശൗര്യ എർലൈൻസിന്റെ വിമാനമാണ് തകർന്നത്. പ്രാദേശിക സമയം രാവിലെ 11നായിരുന്നു അപകടം.
വിമാനത്തിന്റെ ക്യാപ്റ്റൻ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്നു വിമാനത്താവളം അടച്ചു.